2019, ജൂലൈ 13, ശനിയാഴ്‌ച

Backyard Fish Pond ... വീട്ടു മുറ്റത്തെ മീന്‍ കൃഷി

വീട്ടില്‍ മീന്‍ വളര്‍ത്തുക എന്നു പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്നത് മുറിക്കകത്ത് ഒരു അക്വേറിയത്തില്‍ കുറേ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന കാര്യമാണ്. ഭക്ഷ്യ മത്സ്യങ്ങളെ വീട്ടില്‍ വളര്‍ത്തുന്ന കാര്യം മുമ്പൊന്നും അധികമാരും ചിന്തിച്ചിരുന്നില്ല. അതിന്‍റെ പ്രധാന കാരണം അന്നത്തെ രീതിക്ക് മീനിനെ വളര്‍ത്താന്‍ വലിയ നാച്ചുറല്‍ കുളങ്ങള്‍ ആവശ്യമായിരുന്നു എന്നതാണ്. ഇന്നിപ്പോള്‍ വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ വെള്ളത്തിന്റെ ക്വാളിറ്റി നിയന്ത്രിച്ച് ചെറിയ ടാങ്കുകളില്‍ മീനിനെ വളര്‍ത്താന്‍ പറ്റും.  അടുത്ത കാലത്തായി ഭക്ഷ്യ മത്സ്യ കൃഷി വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. അല്‍പ്പമൊന്നു മനസുവച്ചാല്‍ ഒരു വീട്ടിലേക്ക ആവശ്യമുള്ള വിഷമില്ലാത്ത ഫ്രഷ്‌ ആയ മീന്‍ ഒരു ചെറിയ ടാങ്ക് കെട്ടി ആര്‍ക്കും വളര്‍ത്തി എടുക്കാന്‍ പറ്റും.   അപ്പോള്‍ തന്നെ ഈ കൃഷി വളരെ പ്രാരംഭ ദിശയിലായതുകൊണ്ട് പലര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കുന്നുണ്ട്. പലരും youtube മാത്രം നോക്കി വലിയ തോതില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കുന്നതാണ് പ്രധാന പ്രശ്നം. വളരെ ചെറിയ തോതില്‍ ആരംഭിച്ച് പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം വേണ്ടിവന്നാല്‍ വികസിപ്പിക്കയാണ് വേണ്ടത്.

ഇവിടെ വീട്ടാവശ്യത്തിനുള്ള ചെറിയ തോതിലെ മത്സ്യ കൃഷിയെപ്പറ്റിയാണ് പറയുന്നത്.  ആയിരം ലിറ്റര്‍ മുതല്‍ ഏതു അളവിലുള്ള ടാങ്കിലും മീന്‍ വളര്‍ത്താം. ആയിരം ലിറ്ററില്‍ ഏകദേശം 90 കിലോ മീന്‍ ഒരു വര്ഷം വളര്‍ത്തി എടുക്കാം. വീട്ടാവശ്യത്തിനു വളര്‍ത്തുമ്പോള്‍ കഴിവതും രണ്ടു ടാങ്കുകള്‍ ഉള്ളതാണ് നല്ലത്. കാരണം ഒരുമിച്ചല്ല ഇവിടെ മീനിനെ പിടിക്കുന്നത്‌. ഒരു മൂന്നു മാസം മുതല്‍ തുടങ്ങി 6 മാസം കൊണ്ട് ആണ് ഒരു ടാങ്കിലെ മീന്‍ പിടിച്ചു തീരേണ്ടതു. ആദ്യത്തെ ടാങ്കില്‍ മീനിട്ടു മൂന്നു മാസം ആകുമ്പോള്‍ വേണം രണ്ടാമത്തെ ടാങ്കില്‍ മീന്‍ ഇടേണ്ടത്. അങ്ങനെ ചെയ്‌താല്‍ വര്ഷം മുഴുവന്‍ മുടങ്ങാതെ മീന്‍ കിട്ടും.

ഇനി പറയുന്നത് ഞാന്‍ ചെയ്തിട്ടുള്ള രീതിയും അതിന്‍റെ കാരണങ്ങളും ഒക്കെയാണ്. തുടക്കത്തില്‍ ഉണ്ടാകാവുന്ന സംശയങ്ങള്‍ക്ക് മറുപടി കൂടി ഇതില്‍ ഉണ്ട്‌.

1. ഏതു വലിപ്പത്തില്‍ തുടങ്ങണം?
ഞാന്‍ ആരംഭിച്ചിരിക്കുന്നത് 2000 ലിറ്റര്‍ ടാങ്ക് കൊണ്ടാണ്. ഇനി ഒരു രണ്ടായിരം ലിറ്ററിന്റെ മറ്റൊരു ടാങ്ക് കൂടി വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ രീതിയില്‍ സ്വന്തം ആവശ്യം കഴിഞ്ഞു അടുത്തുള്ള രണ്ടോ മൂന്നോ വീടുകള്‍ക്ക് കൂടി കൊടുക്കാന്‍ കഴിയും. അഥവാ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ലെവലില്‍ ആകുമ്പോള്‍ വലിയ കുഴപ്പം കൂടാതെ  മാനേജ് ചെയ്യാന്‍ കഴിയും. ഒരു പ്രശ്നം ചെറിയ തോതില്‍ തുടങ്ങുന്നവരെ എല്ലാവരും നിരുല്‍സാഹപ്പെടുത്തും എന്നുള്ളതാണ്. മീന്‍ കുഞ്ഞിനെ വില്‍ക്കുന്നവരും, ടാങ്ക് ചെയ്യുന്നവരും എല്ലാവരും നോക്കുന്നത് ഒരു 10000 ലിറ്റര്‍ എങ്കിലും ചെയ്യുന്ന ആളുകളെ ആണ്. കാരണം അവര്‍ക്ക് അവരുടെ കച്ചവടമാണ് വലുത്. പച്ചക്കറി വില്‍ക്കുന്നത് പോലെ അല്ല മീന്‍. നമ്മള്‍ ഒരിക്കലും കച്ചവടം നടന്നില്ലെങ്കില്‍ കുഴയും എന്ന ഒരു സാഹചര്യം ഉണ്ടാക്കരുത്. വെള്ളത്തില്‍ ചാടിയിട്ടു നീന്തു പഠിക്കാന്‍ പോയാല്‍ രണ്ടു പേര്‍ കരക്കു കയറുമ്പോള്‍ നാലു പേരെങ്കിലും മുങ്ങിപ്പോകും. ചാടാന്‍ ഉത്സാഹിപ്പിക്കുന്നവര്‍ക്ക് നിങ്ങള്‍ മുങ്ങിയാലും പൊങ്ങിയാലും ലാഭം തന്നെ.

2. ടാങ്ക് എങ്ങനെ ചെയ്തു? എന്തു ചെലവായി?
നമ്മള്‍ ആവശ്യപ്പെടുന്ന അളവില്‍ നൈലോണ്‍ ടാങ്ക് ചെയ്തു തരുന്നവര്‍ ഉണ്ട്. മത്സ്യ കൃഷിയുടെ എല്ലാ ഗ്രൂപ്പിലും advertise ചെയ്തിരിക്കുന്നത് കാണാം. എനിക്ക് ചെയ്തു തന്ന പാര്‍ട്ടി പറഞ്ഞ സമയം കഴിഞ്ഞു രണ്ടാഴ്ച്ച താമസിപ്പിച്ചു. നിങ്ങള്‍ ഇതൊക്കെ നേരത്തെ ചോദിച്ചു കണ്‍ഫേം ചെയ്യണം. സാധനം റെഡി ആയിട്ട് പൈസാ കൊടുത്താല്‍ മതി. സാധാരണ വലിപ്പം diameter ആണ് പറയുന്നത്. ഒരു ക്യുബിക് മീറ്റര്‍ ആയിരം ലിറ്റര്‍ ആണ്. 2 മീറ്റര്‍ ഡയ എന്നാല്‍ 3000 ലിറ്റര്‍ ആണ്. അതില്‍ ചെറുത്‌ സാധാരണ അവര്‍ മടിക്കും. ടാങ്ക് കിട്ടിയാല്‍ പിന്നെ സ്ക്വയര്‍ മെഷ വാങ്ങണം. ടാങ്കിന്റെ ഡയമീറ്ററിനെ 3.14 കൊണ്ട് ഗുണിച്ചാല്‍ ചുറ്റളവ്‌ കിട്ടും. ഒന്നോ രണ്ടോ അടി കൂടുതല്‍ വാങ്ങണം. എന്‍റെ ടാങ്ക് 5 അടി ഡയ ആണ്. അതു 2000 ലിറ്ററില്‍ അല്‍പ്പം താഴെ നില്‍ക്കും. അതിനു Rs 3200 ആയി.  ഞാന്‍ 20 അടി നീളം 1 ഇഞ്ച്‌ സ്ക്വയര്‍ mesh ആണ് വാങ്ങിയത്. അതു കൊണ്ടുവന്നു 5 അടി വൃത്തം കണക്കാക്കി കുത്തി നിര്‍ത്തി കെട്ടുകമ്പി കൊണ്ട് കെട്ടി ഉറപ്പിച്ചു. Mesh വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അതു പരമ്പ് പോലെ ചുരുട്ടിയാണ് കൊണ്ടുവരുന്നത്. അതിനെ നിവര്‍ത്താന്‍ ശ്രമിക്കാതെ കുത്തി നിര്‍ത്തിക്കൊണ്ട് നമുക്ക് ആവശ്യമുള്ള വലിപ്പത്തി വലുതാക്കി എടുത്താല്‍ മതി.   ഏറ്റവും മുകളില്‍ കമ്പികള്‍ രള്ളി നില്‍ക്കുന്നുണ്ടെങ്കില്‍ grind ചെയ്തു കളയണം. അടുത്തതായി ഇന്‍സൈഡില്‍ ഒരു പാഡ് പൊതിയണം. വണ്ടിയുടെ കുഷന്‍ ചെയ്യുന്നവര്‍ കട പറഞ്ഞു തരും. ഞാന്‍ വാങ്ങിയത് 10 മീറ്റര്‍; നീളം; വീതി 1.5 മീറ്റര്‍; 800 രൂപ ആയി. അടിയിലും ചുറ്റിലും പാഡ് വച്ചു കഴിഞ്ഞു ടാങ്ക് അതില്‍ ഇറക്കി വച്ചു കുറച്ചു വെള്ളം നിറക്കുമ്പോള്‍ അതു ഷേപ്പ് ശരിയായി വരും. mesh നാലടിയും ടാങ്ക് അഞ്ചടിയും  ഉയരമുണ്ടാകും. ടാങ്കിന്റെ മുകള്‍ വശം പുറത്തേക്ക് മടക്കി വയ്ക്കാം. ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാം. കൂടെ അഭിപ്രായം പറയാന്‍ ഒരാള്‍ കൂടി ഉള്ളത് നല്ലതാണ്.

3. ടാങ്ക് കൂടാതെ മറ്റെന്തെല്ലാം വേണം?
അതു പ്രധാനമായും രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമത് നമ്മള്‍  വളര്‍ത്തുന്ന രീതി; രണ്ടാമതു നമ്മള്‍ വളര്‍ത്തുന്ന മത്സ്യ ഇനം.  ഞാന്‍ ആദ്യം ചെയ്യാനുദ്ദേശിച്ചിരുന്നത് ബയോഫ്ലോക് എന്ന രീതി ആണ്. അതില്‍ പ്രധാനമായും മീനിന്റെ കാഷ്ടം മത്സ്യ തീറ്റ ആയി റീസൈക്കിള്‍ ചെയ്യുന്ന രീതി ആണ്. ഏതാണ്ട് പശുവിന്റെ ചാണകം കൊണ്ട് പുല്ല് വളര്‍ത്തി പശുവിനു തീറ്റ കൊടുക്കുന്നതു പോലെ. വളരെ ശാസ്ത്രീയമായ രീതി ആണ്. എന്നാല്‍ ശ്രദ്ധ അല്‍പ്പം മാറിയാല്‍ വെള്ളം മലിനമായി മീന്‍ ചത്തു പോകും. തുടക്കക്കാര്‍ക്ക് അത്ര പറ്റിയ രീതിയല്ല ബയോഫ്ലോക്. അതുകൊണ്ട് കൂടുതല്‍ ലളിതമായ രീതിയാണ് ഞാന്‍ ചെയ്യുന്നത്. തുടക്കത്തില്‍ അധികം ശ്രദ്ധ ആവസ്യമില്ലാത്ത മീനുകളെ വളര്‍ത്തുകയാണ് നല്ലത്.  വാള (pangasius), അനബാസ് ഇവയൊക്കെ  വേണ്ടിവന്നാല്‍ അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ എടുക്കാന്‍ കഴിവുള്ള മീനുകളാണ്.  വെള്ളത്തിന്റെ ക്വാളിറ്റി അല്‍പ്പം മാറിയാലും അവ പിടിച്ചു നില്‍ക്കും.

4.. മീനുകളുടെ തീറ്റ കൂടാതെ മറ്റെന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
പ്രധാനമായും മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമത് വെള്ളത്തില്‍ ശരിയായ അളവില്‍ ഓക്സിജന്‍ ഉണ്ടായിരിക്കണം; രണ്ടാമത് വെള്ളത്തിന്‍റെ pH (അമ്ലത) 7 to 7.5 ലെവലില്‍ നില്‍ക്കണം. മൂന്നാമത് മീനിന്റെ കാഷ്ടം മൂലം അമിതമായി അമോണിയാ ഉണ്ടാകാതെ നോക്കണം. മൂന്നാമത് മറ്റു രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കണം. നല്ല ഒരു എയര്‍ പമ്പ്‌ ഉണ്ടായാല്‍ ഒക്സിജന്‍റെ കാര്യം ശരിയായി. pH നോക്കാനുള്ള കിറ്റിനു 200 നു അടുത്തു വില വരും. അമസോണില്‍ കിട്ടും. 5ml വെള്ളത്തില്‍ സോലുറേന്‍ 2 ഡ്രോപ്പ് ഒഴിച്ചു തന്നിരിക്കുന്ന കളര്‍ ചാര്‍ട്ട് നോക്കി pH ലെവല്‍ അറിയാം. അതു 7ല്‍ താഴെ ആണെങ്കില്‍ അല്‍പ്പം കുമ്മായം കലക്കി ചേര്‍ത്തു ഉയര്‍ത്താം. മുകളിലാണെങ്കില്‍ നാരങ്ങാ നീരോ വിന്നാഗിരിയോ ചേര്‍ത്തു കൊടുത്തു ബാലന്‍സ് ചെയ്യാം.  അതു പോലെ അമോണിയ നോക്കുന്ന കിറ്റ് 600 രൂപക്കടുത്തു വില വരും.

=============

* ഞാന്‍ നിര്‍ത്തി; കുറച്ചു പൈസാ പോയി; അതിലേറെ സമയ നഷ്ടവും; ഇത് ലാഭകരമായി കൊണ്ടുനടക്കാന്‍ എളുപ്പമല്ല.